ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് രജനീകാന്ത് ഹൈദരാബാദിൽ എത്തിയത്. കഴിഞ്ഞ പത്തു ദിവസങ്ങളായി അദ്ദേഹം ഹൈദരാബാദിൽ ആയിരുന്നു. എന്നാൽ സെറ്റിലെ രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് രജനീകാന്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം താരത്തിന്‍റെ കൊറോണാ പരിശോധനഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹത്തിന്റെ രക്തസമ്മർദ്ദത്തിൽ നിരന്തരം ഏറ്റക്കുറച്ചിലുകൾ കാണുന്നതിനാൽ ആശുപത്രിയിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദേശം. അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും നിലവിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

