Friday, May 17, 2024
spot_img

ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയ്ക്ക് സാധ്യത; നിർണ്ണായക തീരുമാനം നാളത്തെ സിപിഎം പോളിറ്റ് ബ്യുറോ യോഗത്തിൽ

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സീറ്റ് ധാരണയ്ക്ക് കളമൊരുങ്ങുന്നു. ഇരുപാര്‍ട്ടികളും സിറ്റിങ് സീറ്റുകളിലും ശക്തി കേന്ദ്രങ്ങളിലും പരസ്പരം മല്‍സരിക്കില്ല. നാളെ ഡല്‍ഹിയില്‍ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സീറ്റ് ധാരണയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാളിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും ധാരണയെ പിന്തുണയ്ക്കുമ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന് അനുകൂല നിലപാടല്ല ഉള്ളത്.

മമത ബാനര്‍ജിയും മോദിയും തമ്മിലുള്ള ഏറ്റുമുട്ടലായി ബംഗാള്‍ രാഷ്ട്രീയം തിളച്ചുമറിയുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ധാരണയെന്ന അടവാണ് കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും മനസിലുള്ളത്. ബംഗാളില്‍ ബിജെപി പ്രതിപക്ഷ നേതൃപദവിയിലേയ്ക്ക് ഉയരുന്നതിലെ അപായം ഇരുപാര്‍ട്ടികളും തിരിച്ചറിയുന്നു. ത്രിണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ മുഴുവനായി മമതയുടെ കൈപ്പിടിയിലാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ത്രിപുര കൈവിട്ട സാഹചര്യത്തില്‍ ബംഗാളില്‍ അടവ് പയറ്റിയില്ലെങ്കില്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുമെന്ന് സിപിഎം വിലയിരുത്തുന്നു.

കോണ്‍ഗ്രസ് സഹകരണത്തിനായി ബംഗാള്‍ സിപിഎം മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് നാളേറെയായി. കോണ്‍ഗ്രസ് സഹകരണത്തെ തുറന്നെതിര്‍ത്തിരുന്ന കാരാട്ട് പക്ഷം നിലപാട് മയപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്ര് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കഴിഞ്ഞ ദിവസം ചര്‍ച്ചചെയ്തു. ഇതോടെ കാര്യങ്ങള്‍ക്ക് വേഗമേറി. കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര സിപിഎമ്മുമായുള്ള കൂട്ടുകൂടലിന് എതിരാണ്.

Related Articles

Latest Articles