Wednesday, January 14, 2026

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണം; പ്രതിരോധ സെക്രട്ടറിക്ക് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസ് മേധാവിയും രാജിവെച്ചു

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങളെത്തുടര്‍ന്ന് ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ശ്രീലങ്കന്‍ പോലീസ് മേധാവി പുജിത്ത് ജയസുന്ദര രാജിവച്ചു. വ്യാഴാഴ്ച പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെര്‍ണാണ്ടോയും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചിരുന്നു.

പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജി ആക്ടിംഗ് പ്രതിരോധ സെക്രട്ടറിക്ക് കൈമാറിയതായും പുതിയ പോലീസ് മേധാവിയെ ഉടന്‍ നിര്‍ദേശിക്കുമെന്നും പ്രതിരോധമന്ത്രി കൂടിയായ പ്രസിഡന്റ് സിരിസേന അറിയിച്ചു.

മുന്നറിയിപ്പ് നല്‍കിയിട്ടും ആക്രമണം തടയുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പോലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും പ്രസിഡന്റ് രാജി ആവശ്യപ്പെട്ടിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ഹോട്ടലുകളിലും ക്രൈസ്തവ ദേവാലയങ്ങളിലും നടന്ന ചാവേറാക്രമണത്തില്‍ 253 പേരാണ് കൊല്ലപ്പെട്ടത്.

അഞ്ഞൂറ് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, 359 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ ശരീരങ്ങള്‍ പലതും ചിതറിത്തെറിച്ചതിനാലും തുടര്‍ച്ചയായ സ്‌ഫോടനങ്ങളുണ്ടായതിനാലും കണക്കുകളില്‍ പിഴവ് വരികയായിരുന്നുവെന്നാണ് ലങ്കന്‍ ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Related Articles

Latest Articles