Monday, May 20, 2024
spot_img

വിദേശഫലങ്ങളുടെ മലബാര്‍ ഹബ്ബ്; അഗ്രിസംരംഭകനായി പ്രവാസി

ഐ.ടി വിദഗ്ധനായ വില്യം മാത്യു ഏറെ പ്രശസ്തനാണ്. എന്നാല്‍ ഐ.ടി മേഖലയിലല്ല,കാര്‍ഷിക മേഖലയിലാണെന്ന് മാത്രം. ഗള്‍ഫില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ വില്യം മാത്യു കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കാര്‍ഷിക രംഗത്ത് സജീവമാണ്. എട്ട് ഏകറിലായി നാനൂറിലേറെ ഫലവൃക്ഷങ്ങളാണ് വില്യം കൃഷി ചെയ്യുന്നത്.

ഓമശ്ശേരിയിലെ ‘ഇന്‍ഫാം നേഴ്സറി വെസ്റ്റേണ്‍ ഗട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്‍’ ഇന്ന് വിപുലമായ കാര്‍ഷിക പഠനകേന്ദ്രം കൂടിയാണ്. ഗള്‍ഫില്‍ നിന്നും തിരികെ വന്ന വില്യം മാത്യു കാര്‍ഷിക കുടുംബത്തിലാണ് ജനിച്ചത്. അതിനാല്‍ തന്നെ കൃഷി ഏറെ ഇഷ്ടപ്പെട്ടിരുന്ന വില്യം കൃഷി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. മറ്റ് കൃഷിയേക്കാളും ലാഭം നല്കുന്നവയാണ് ഫലവര്‍ഗ കൃഷിയെന്നാണ് വില്യമിന്റെ അനുഭവം. വിദേശ ഫലങ്ങള്‍ക്കുപുറമെ നാടന്‍ ഫലങ്ങളും വില്യമിന്റെ തോട്ടത്തിലുണ്ട്. തായ്ലന്റ്, ബോര്‍ഡോ, ബ്രസീല്‍, ഇന്തോനേഷ്യ, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നുളള ഫലവൃക്ഷങ്ങളാണ് പ്രധാനമായും തോട്ടത്തിലുള്ളത്. കൃഷിയിടം നനയ്ക്കുന്നതിനായി തോട്ടത്തില്‍ വലിയ കുളവും സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ വിത്തും തൈകളും ശേഖരിക്കുന്നതിനായി എത്ര ദൂരവും സഞ്ചരിക്കാന്‍ വില്യം തയ്യാറാണ്. ഓരോന്നിനെ കുറിച്ചും ഇന്റര്‍നെറ്റിലൂടെയും മറ്റും കൃത്യമായി മനസ്സിലാക്കിയശേഷമാണ് ഓരോന്നും നടുന്നത്. തന്റെ അറിവുകള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ മറ്റ് കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്കുകയും ചെയ്യുന്നുണ്ട്. മറ്റ് നവ സാമൂഹ്യമാധ്യമങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.

മിക്ക ഫലവര്‍ഗങ്ങളും ചെറിയ പരിപാലനത്തിലൂടെ 40 വര്‍ഷമെങ്കിലും വിളവ് നല്കുന്നവയാണ്. വില്പനയ്ക്ക് ശേഷം ബാക്കി വരുന്നവ വീട്ടിലും സമീപത്തുളളവര്‍ക്കും നല്കുകയും ചെയ്യും വില്യം. ഇത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഫലങ്ങള്‍ വേഗത്തില്‍ കേടായി പോകുന്നുവെന്നതാണ് വില്യം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. അതിനാല്‍ ഡ്രൈ ഫ്രൂട്ട് വിപണിയിലെത്തിക്കുകയാണ് ചെറിയ തോതില്‍. ഇവയില്‍ നിന്നും മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും തയ്യാറെടുക്കുകയാണ്. കേരളത്തെ, പ്രത്യേകിച്ചും മലബാറിനെ പഴവര്‍ഗ്ഗങ്ങളുടെ ഒരു ഹബ്ബാക്കി മാറ്റുകയാണ് വില്യമിന്റെ ലക്ഷ്യം.

Related Articles

Latest Articles