അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. രാജ്യത്ത് തന്നെ ഇതാദ്യമായാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. 97% മരണ നിരക്കുള്ള രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. 2024 ൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം ലോകത്ത് ഇതുവരെ 9 പേർ മാത്രമാണ് ഈ രോഗത്തിൽനിന്നു മുക്തി നേടിയത്.
പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാൻ ഡോക്ടർമാർ തീരുമാനിച്ചത്. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് രോഗമുക്തി. രോഗലക്ഷണങ്ങൾ കണ്ട ആദ്യദിനംതന്നെ അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന സാധ്യത കണ്ട് ചികിത്സ തുടങ്ങിയതാണ് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ മേധാവി ഡോ. അബ്ദുൾ റൗഫ് പറഞ്ഞു. കുട്ടിയുടെ ചികിത്സയ്‌ക്കായി ജർമ്മനിയിൽനിന്ന് മിൽട്ടി ഫോസിൻ എന്ന മരുന്നും എത്തിച്ചിരുന്നു.

