ജയ്പുര്‍: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത മുപ്പത്തിയഞ്ചുകാരനായ സര്‍ക്കാരുദ്യോഗസ്ഥനെതിരെ രാജസ്ഥാന്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും ഈ മാസം 10 ന് നടന്ന സംഭവത്തിൽ മൂന്ന് ദിവസത്തിനിപ്പുറവും ഇയാളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പദ്ധതിയുടെ കീഴില്‍ പെണ്‍കുട്ടിക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ അനുവദിച്ചിട്ടുണ്ടെന്നും അത് നല്‍കാമെന്നും പ്രലോഭിച്ചാണ് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്.
ഓഗസ്റ്റ് 10-ന് രാവിലെ പതിനൊന്ന് മണിയോടെ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയോട് മൊബൈല്‍ ഫോണ്‍ അനുവദിച്ചിട്ടുണ്ടെന്നും കുട്ടിയുടെ ഫോണ്‍നമ്പര്‍ കണ്ടിട്ടാണ് നേരിട്ടെത്തിയതെന്നും ഫോണ്‍ കൈപ്പറ്റാനായി തനിക്കൊപ്പം വരണമെന്നും കാറില്‍ കയറണമെന്നും ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയിരുന്നതിനാല്‍ അമ്മയോട് വിവരം പറഞ്ഞ ശേഷം വരാമെന്നുപറഞ്ഞെങ്കിലും വേഗം ചെന്നില്ലെങ്കില്‍ ഫോണ്‍ നഷ്ടമാകുമെന്ന് പറഞ്ഞ് പ്രതി സമ്മതിച്ചില്ല. തുടർന്ന് കാറില്‍ കയറിയ പെണ്‍കുട്ടിയെ ഇയാള്‍ മുറിയിലെത്തിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഉച്ചത്തില്‍ കരഞ്ഞ പെണ്‍കുട്ടിയുടെ കൈയില്‍ ഇയാള്‍ കത്തികൊണ്ട് മുറിവുകളുണ്ടാക്കി. അതിനുശേഷം പ്രതി പെണ്‍കുട്ടിയെ വഴിയിലുപേക്ഷിച്ചു.
വിവരമറിഞ്ഞ നാട്ടുകാർ പ്രതി സംസ്ഥാന ജലവിതരണവകുപ്പില്‍ കാഷ്യറായ സുനില്‍ കുമാര്‍ ജാംഗിദിനെ പിടികൂടി ഇയാളുടെ ഓഫീസ് ഗേറ്റിനുമുന്നില്‍ കെട്ടിയിടുകയും തല്ലിച്ചതച്ചു. പിന്നീട് നാട്ടുകാര്‍ ഇയാളെ കെട്ടഴിച്ചുവിട്ടതോടെ പോലീസ് എത്തുന്നതിന് മുന്നേ അവിടെ നിന്ന് രക്ഷപ്പെട്ടു. പോക്‌സോ നിയമമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവം പുറത്തുവന്നതിനുപിന്നാലെ ഇയാളെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
കരൗലിയിലെ തോഡാഭീം പോലീസ് സ്‌റ്റേഷനിലാണ് അതിജീവിതയായ വിദ്യാര്‍ഥിനി പരാതി നല്‍കിയത്.

