ബാഗ്പട്ട്: പാമ്പിനെ അടിച്ച് കൊന്നതിനെ തുടർന്ന് ഫോറസ്റ്റ് ഗാര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കേസെടുത്തു.ഉത്തര്‍പ്രദേശിലെ ഛപ്രൗലി പ്രദേശത്തെ ഷബ്ഗ ഗ്രാമത്തിലാണ് സംഭവം.
പ്രതി ചേര്‍ക്കപ്പെട്ട സ്വലീന്‍ എന്നയാൾ ഒളിവിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
തിങ്കളാഴ്ചയാണ് വനം വകുപ്പിന് ഇതെ കുറിച്ച് വിവരം ലഭിച്ചത്. പാമ്പിനെ കൊന്നതിന് വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഹേമന്ത് കുമാര്‍ സേത്ത് പറഞ്ഞു. ഭാരമുള്ള എന്തോ വസ്തു കൊണ്ട് അടിച്ച നിലയിലാണ് പാമ്പിന്‍റെ ശരീരഭാഗങ്ങള്‍ ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും ഹേമന്ത് കുമാര്‍ പറഞ്ഞു.
ഗ്രാമത്തിലെ രാം ശരണ്‍ എന്നയാളുടെ വീട്ടില്‍ നിന്നും പാമ്പ് പുറത്തേക്ക് വന്നതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഇതിനിടെ സ്വലീന്‍ എത്തി പാമ്പിനെ അടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

