Saturday, May 4, 2024
spot_img

അധികാരത്തിന് വേണ്ടി ഒത്തുകൂടിയ സംഘം; ഇന്‍ഡി മുന്നണി ഏറെനാള്‍ നിലനില്‍ക്കില്ല; തെരഞ്ഞെടുപ്പിനു മുമ്പേ പോരു തുടങ്ങിയതായും രാജ്നാഥ് സിംഗ്

ദില്ലി: ഇൻഡി മുന്നണിയെന്നത് ശാശ്വതമായ ഒന്നല്ല, കുടുംബത്തിനാണ് അവർ പ്രഥമ പരിഗണന കൊടുക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ അതിനുള്ളിലെ പാർട്ടികൾ തമ്മിൽ പരസ്പരം പോരടിക്കുകയാണ്. ഇൻഡി മുന്നണിയിൽ ഉള്ളവർ തമ്മിൽ യോജിക്കാനുള്ള ഏക കാരണം അധികാര ഭ്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വികസനത്തെക്കുറിച്ച് കൃത്യമായ കാഴ്‌ച്ചപ്പാട് ഉള്ള പാർട്ടിയാണ് ബിജെപി. മോദിയെ പോലെ ശക്തനായ ഒരു നേതാവ് ഞങ്ങൾക്കുണ്ട്. എന്നാൽ ഇൻഡി മുന്നണി യാതൊരു സഹകരണവും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ സംഘമാണെന്നും രാജ്‌നാഥ് സിംഗ് പരിഹസിച്ചു.

”നാരീശക്തിയേയും മാതൃശക്തിയേയും ഇല്ലായ്മ ചെയ്യുമെന്നാണ് കോൺഗ്രസിന്റേയും ഡിഎംകെയുടേയും ഇൻഡി മുന്നണി പറയുന്നത്. ഇൻഡി മുന്നണി നേതാക്കൾ തുടർച്ചയായി ഹിന്ദുമതത്തെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. സനാതന ധർമ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടുമാണ് ഉദയനിധി സ്റ്റാലിൻ ഉപമിച്ചത്. അതിന് തുടച്ചുനീക്കണമെന്നാണ് ഇവർ പറയുന്നത്. ശക്തിയെ നശിപ്പിക്കുമെന്നും ഇൻഡി നേതാക്കൾ പറയുന്നു. എന്നാൽ ഇത്തരം പ്രസ്താവനകൾക്ക് ഹിന്ദുമതവിശ്വാസികളോട് ഇവർ മാപ്പ് പറയണം.

കോൺഗ്രസിന്റെ ഭരണകാലത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 11ാം സ്ഥാനത്തായിരുന്നു. എന്നാലിന്ന് നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറി. 2027ഓടെ ഇന്ത്യയുടെ സ്ഥാനം ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി മാറുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. ഇന്ത്യയുടെ ഭാവിയെ കുറിച്ച് കൃത്യമായ വികസന കാഴ്‌ച്ചപ്പാടാണ് ബിജെപിക്കുള്ളത്. രാജ്യത്തിന്റെയൊന്നാകെയുള്ള വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ.

ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് തമിഴ്‌നാട്ടിൽ താമസിക്കുന്നത്. കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന സമയത്ത് നിരവധി മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു. നിരവധി പേർക്ക് ജീവൻ പോലും നഷ്ടമായി. എന്നാൽ കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിലെത്തിയതിന് ശേഷം ശ്രീലങ്കയുമായി മികച്ച ബന്ധം സ്ഥാപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസകരമായ ധാരാളം നടപടികൾ ഇതിന്റെ ഭാഗമായിട്ടുണ്ടായി. ഇന്ത്യയുടെ പുതിയ പാർലമെന്റിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. തമിഴ് സംസ്‌കാരത്തോടുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും” രാജ്‌നാഥ് സിംഗ് പറഞ്ഞു.

Related Articles

Latest Articles