അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ബ്രാഞ്ചിൽ സിനിമാ സ്റ്റൈലിൽ കൊള്ള നടത്തിയത്. സംഭവത്തിൽ പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . കവർന്നെടുത്ത ആഭരണങ്ങളിൽ ഒരു ഭാഗം കണ്ടെടുത്തിട്ടുണ്ട്. കവർച്ചയിൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കവർച്ച നടന്നത്. കറുത്ത വസ്ത്രം ധരിച്ച് മുഖംമൂടിയണിഞ്ഞെത്തിയ ഇരുപതോളം പേരടങ്ങിയ കൊള്ളസംഘം ബലപ്രയോഗത്തിലൂടെ ജ്വല്ലറിയിൽ കടന്നുകയറിയ ശേഷം ചുറ്റിക ഉപയോഗിച്ച് ഗ്ളാസ് ചട്ടക്കൂടുകൾ തകർത്ത് പ്രദർശനത്തിനായി വെച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും കൊള്ളസംഘം സ്ഥലം വിട്ടു.
പുറത്ത് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രദേശത്തുനിന്ന് കടക്കാൻ ശ്രമിക്കുന്ന രണ്ട് വാഹനങ്ങളെ പോലീസ് കണ്ടെത്തി. തടയാൻ ശ്രമിച്ചെങ്കിലും ഇവ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. പിന്തുടർന്നെങ്കിലും ഒരു വാഹനത്തെ മാത്രമാണ് പിടികൂടാനായത്.വാഹനത്തെ പിന്തുടരുന്നതിനിടയിൽ പ്രതികൾ കവർന്നെടുത്ത ആഭരണങ്ങൾ പുറത്തേക്കെറിയുന്ന സ്ഥിതിയുമുണ്ടായി.
പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മുന്നോട്ട് കുതിച്ച വാഹനത്തെ പിന്നീട് ഹൈവേ 101-ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാൽനടയായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യക്കാർ തിങ്ങി വസിക്കുന്ന പ്രദേശമാണ് കവർച്ച നടന്ന സ്ഥലം. അടുത്തിടെ നടന്ന മൂന്നാമത്തെ സമാന കവർച്ചയാണിത്. അതിനാൽ തന്നെ പ്രദേശത്തെ ഇന്ത്യൻ വ്യാപാരികൾ ആശങ്കയിലാണ്.

