Monday, June 17, 2024
spot_img

പൂനെയിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ചുണ്ടായ അപകടം ! പതിനേഴുകാരന്റെ മുത്തച്ഛൻ അറസ്റ്റിൽ ; നടപടി കുറ്റമേറ്റെടുക്കാൻ നിർബന്ധിച്ച് കുടുംബ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ

മുംബൈ : പതിനേഴുകാരൻ അമിത വേഗതയിൽ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടു ഐടി എൻജിനീയർമാർ മരിച്ച കേസിൽ പതിനേഴുകാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റുചെയ്തു. കുറ്റമേറ്റെടുക്കാൻ നിർബന്ധിച്ച് കുടുംബ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിലാണ് നടപടി സംഭവത്തിലാണ് അറസ്റ്റ്. നേരത്തെ അപകടത്തിന് ശേഷം ഡ്രൈവറെ പൊലീസ് സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്തിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങിയ ഇയാളെ കൗമാരക്കാരന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു എന്നാണ് ആരോപണം.

‘‘സംഭവം നടന്നതിന് തൊട്ടുപിന്നാലെ, 17 കാരന്റെ മുത്തച്ഛൻ എന്നെ വിളിച്ചു. പിന്നീട് എന്നെ നിർബന്ധപൂർവം അവരുടെ ബിഎംഡബ്ല്യു കാറിൽ ബംഗ്ലാവിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തു തടവിലാക്കി. കുറ്റമേറ്റെടുക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറയുകയാണെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും അവർ നിരന്തരം ഭീഷണിപ്പെടുത്തി. ” – ഡ്രൈവറുടെ പരാതിയിൽ പറയുന്നു.

കുറ്റമേറ്റെടുക്കുകയാണെങ്കിൽ വൻതുക പാരിതോഷികം നൽകാമെന്ന് കൗമാരക്കാരന്റെ മുത്തച്ഛൻ വാഗ്ദാനം നൽകിയതായി പുനെ പോലീസ് കമ്മിഷണർ പറഞ്ഞു. 200 കിലോമീറ്റർ വേഗതയിലാണ് കൗമാരക്കാരൻ വണ്ടിയോടിച്ചിരുന്നത്. ഇയാളെ അടുത്തമാസം അഞ്ചുവരെ ഒബ്സർവേഷൻ ഹോമിലേക്ക് അയക്കാൻ കോടതി നിർദേശിച്ചു. പ്രതിയെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് കുറ്റം ചുമത്തണമെന്ന പോലീസിന്റെ ആവശ്യം പിന്നീട് പരിഗണിക്കും.

Related Articles

Latest Articles