സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) റദ്ദാക്കി ഹൈക്കോടതി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാർത്ഥിനി ഹന ഫാത്തിമ നൽകിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സില്‍ മാറ്റം വരുത്തിയത് എന്ന വിദ്യാർത്ഥിനിയുടെ വാദം കോടതി അംഗീകരിച്ചു. റാങ്ക് ലിസ്റ്റ് പ്രകാരം സർക്കാർ പ്രവേശന നടപടി തുടങ്ങാൻ ഇരിക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് . അതേസമയം നടപടിയിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാർത്ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചത്.
എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചത്. പഴയ രീതിയിൽ തയ്യാറാക്കുമ്പോൾ തയ്യാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ വിദ്യാർത്ഥികളേക്കാൾ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് മാര്‍ക്ക് കുറയാത്തരീതിയില്‍ പുതിയ രീതി സര്‍ക്കാര്‍ കൊണ്ടുവന്നത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്.

