ഒഡീഷയുടെ ചരിത്രത്തിലെ ആദ്യത്തെ ബിജെപി സർക്കാർ ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനായുള്ള സൗകര്യാർത്ഥമാണ് സത്യപ്രതിജ്ഞ ചടങ്ങ് ജൂൺ 12 ലേക്ക് മാറ്റിയതെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.എന്നാൽ മുഖ്യമന്ത്രി പദവിയിലേക്ക് ആര് എത്തും എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി എംഎൽഎയായ സുരേഷ് പൂജാരിയെ കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
വൈകാതെ തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആയിരിക്കും തീരുമാനം ഉണ്ടാവുക എന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. ബിജെപിയുടെ പാർലമെൻ്ററി ബോർഡ് യോഗത്തിൽ മുഖ്യമന്ത്രിയെ കുറിച്ച് തീരുമാനമെടുക്കും എന്നാണ് വിവരം. 147 അംഗ നിയമസഭയിൽ 78 സീറ്റുകൾ നേടിക്കൊണ്ടാണ് നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാരിനെ താഴെയിറക്കി ബിജെപി ഒഡീഷയിൽ അധികാരം പിടിച്ചിരിക്കുന്നത്.

