Tuesday, May 14, 2024
spot_img

പുതിയ പാര്‍ലമെന്റ് രാജ്യത്തിന്റെ പുത്തന്‍ തുടക്കം; പഴയ പാർലമെന്റ് മന്ദിരം ഇനി മുതൽ ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ദില്ലി: പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍ ( ഭരണഘടനാ മന്ദിരം) എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുമ്പോൾ പഴയ പാർലമെന്റ് കെട്ടിടത്തിന്റെ അന്തസ്സ് ഒരിക്കലും കുറയില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള ചരിത്ര നിമിഷത്തിന് മുന്നോടിയായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 75 വർഷമായി പാർലമെന്റ് സമ്മേളനങ്ങൾ നടക്കുന്ന കെട്ടിടത്തിന്റെ മൂല്യം പഴയ കെട്ടിടമെന്ന് വിശേഷിപ്പിച്ച് ഇകഴ്‌ത്തരുത്. പാർലമെന്റ് കെട്ടിടത്തെ സംവിധാൻ സദൻ എന്ന് വിശേഷിപ്പിക്കുന്നത് പാർലമെന്റിൽ ചരിത്രം സൃഷ്ടിച്ച നേതാക്കൾക്കുള്ള ആദരവായിരിക്കും. ഭാവി തലമുറകൾക്ക് ഈ സമ്മാനം നൽകാനുള്ള അവസരമാണിത്. 1952 മുതൽ ലോകമെമ്പാടുമുള്ള രാഷ്‌ട്രത്തലവന്മാർ ഞങ്ങളുടെ എംപിമാരെ അഭിസംബോധന ചെയ്തയിടമാണിത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 4,000-ത്തിലധികം നിയമങ്ങൾ ഈ പാർലമെന്റ് പാസാക്കിയിട്ടുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.

ഭാവിയിലേക്കുള്ള രാജ്യത്തിന്റെ ശരിയായ നിമിഷങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് അനിവാര്യമാണ്. രാഷ്‌ട്രീയ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിൽ മാത്രം ഒതുങ്ങാൻ നമുക്ക് സാധിക്കില്ല. അറിവും വികസനവുമാണ് രാജ്യത്തിന് ആവശ്യം. അതിലേക്ക് മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ശേഷം നമ്മുടെ യുവാക്കൾ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുകയാണ്. ഉത്പ്പാദന മേഖലയിലും ലോകത്തിന് മുന്നിൽ നാം മുന്നിലായിരിക്കണം. പോരായ്മകളില്ലാത്ത പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഉത്പന്നങ്ങളാകണം നാം സൃഷ്ടിക്കേണ്ടത്. ഇതുവഴി ലോകത്തെ ഏറ്റവും മികച്ച ഇത്പാദകരാകാൻ ഇന്ത്യയ്‌ക്ക് സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles