കോയമ്പത്തൂർ: രണ്ടാഴ്ച പ്രായമായ പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്കു വിറ്റ കേസിൽ അമ്മയടക്കം മൂന്നു പേർ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ സ്വാമിച്ചെട്ടിപ്പാളയം ചിന്നക്കണ്ണൻ പുതൂരിലെ നന്ദിനി (22), കുഞ്ഞിനെ വാങ്ങിയ കൂടലൂർ കൗണ്ടൻപാളയത്തെ അനിത (40), വിൽക്കാൻ സഹായിച്ച ദേവിക (42) എന്നിവരെയാണ് തുടിയല്ലൂർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ഈ കഴിഞ്ഞ 14നാണ് മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ നന്ദിനി പെൺകുഞ്ഞിന് ജന്മം നൽകിയത്.
ബനിയൻ കമ്പനി ജീവനക്കാരിയായ നന്ദിനി കൂടെ ജോലി ചെയ്യുന്ന ദേവികയോട് കുടുംബസാഹചര്യവും ദാരിദ്ര്യവും കാരണം രണ്ടാമത്തെ കുഞ്ഞിനെ കൂടി നോക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. ദേവികയാണ് കുട്ടികളില്ലാത്ത മഹേശ്വരൻ – അനിത ദമ്പതികളെ പരിചയപ്പെടുത്തിയത്. വിൽപനയ്ക്ക് സഹായിച്ചതിന് ദേവികയ്ക്ക് ഇരുകുടുംബങ്ങളിൽ നിന്നും കമ്മിഷനും ലഭിച്ചു.
തിങ്കളാഴ്ച ചൈൽഡ്‌ലൈൻ നമ്പറിൽ (1098) ലഭിച്ച ഫോൺ സന്ദേശത്തെത്തുടർന്ന് കോയമ്പത്തൂർ ശിശുക്ഷേമ സമിതി പോലീസുമായി ചേർന്നു നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്നു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും രണ്ടാമത്തെ കുട്ടിയെക്കൂടി നോക്കാനുള്ള സാഹചര്യമില്ലെന്നും അതുകൊണ്ടാണ് വളർത്താനായി അനിതയെ ഏൽപിച്ചതെന്നും നന്ദിനി പറഞ്ഞെങ്കിലും പണം വാങ്ങിയാണ് കുഞ്ഞിനെ നൽകിയതെന്ന് സമിതി ചോദ്യം ചെയ്യലിൽ കണ്ടെത്തി. ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയിൽ കേസെടുത്ത തുടിയല്ലൂർ പോലീസ് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

