എച്ച് 3 എന്‍ 2 വൈറസ് ബാധ രാജ്യത്ത് പടരുന്നു. രണ്ടു പേര്‍ ഇത് ഇത് ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരിനം ഇന്‍ഫ്‌ളുവന്‍സ വൈറസാണിത്. ഇത് പ്രധാനമായും ബാധിയ്ക്കുന്നത് ശ്വാസകോശത്തെയാണ്. തണുപ്പില്‍ നിന്നും ചൂടിലേയ്ക്ക് മാറുന്ന അവസ്ഥയിലാണ് ഇത് പ്രധാനമായും ബാധിയ്ക്കുന്നത്. അതായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇതിന് കാരണമാകുന്നത്. പലതരം ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ ഒരു വകഭേദമായ ഇത് സാധാരണ ഫ്‌ളു ലക്ഷണങ്ങള്‍ കാണിയ്ക്കുന്നുവെങ്കിലും ഗുരുതരമായാല്‍ മരണം വരെ വരുത്താന്‍ കാരണമാകുന്ന ഒന്നാണ്.
ഈ വൈറസ് ഇന്‍ഫെക്ഷന്‍ കാരണം കണ്ണിന് ചുവപ്പ്, ചിലര്‍ക്ക് ഛര്‍ദി, വയറിളക്കം തുടങ്ങിയ പല ലക്ഷണങ്ങളും കണ്ടു വരുന്നതായി പറയുന്നു. അഡിനോവൈറസുകളാണ് ഇതിന് പുറകില്‍. ഇവ ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും പകരാം. ഇതുള്ളവരുമായി സംസര്‍ഗം വരുന്നതിലൂടെയും വൈറസ് അണുബാധയുണ്ടാകാം. എല്ലാ പ്രായത്തിലുമുള്ളവരെ വൈറസ് ബാധ അലട്ടുന്നുവെങ്കിലും കൂടുതലായി കുട്ടികളിലാണ് കണ്ടു വരുന്നത്. കാരണം അവരുടെ രോഗപ്രതിരോധ ശേഷി കുറവായത് തന്നെ. പ്രത്യേകിച്ചും കൊച്ചു കുട്ടികളില്‍.
ഈ വൈറല്‍ ബാധ കണ്ടെത്താന്‍ ആന്റിജന്‍, പിസിആര്‍ ടെസ്റ്റുകള്‍ വേണ്ടിവരുന്നുവെന്നതാണ് പ്രധാന പ്രശ്‌നം. എല്ലാ കുട്ടികളിലും എച്ച്3എന്‍2 ബാധയിലൂടെ അഡിനോ വൈറസ് ബാധിച്ചിട്ടുണ്ടോയെന്നറിയുവാന്‍ ഇത്തരം ടെസ്റ്റുകള്‍ ആവശ്യമായി വരുന്നു. അലര്‍ജി, ആസ്തമ തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുട്ടികളില്‍ ഇത്തരം വൈറസ് ബാധ കൂടുതല്‍ ഗുരുതരമാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഐസിയു കെയര്‍ തന്നെ വേണ്ടി വന്നേക്കാമെന്നും ഡോക്ടര്‍ പറയുന്നു.

