Wednesday, September 30, 2026

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു! അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി എമർജൻസി പ്ലാനിങ് മാനേജർ മൂന്നാം ഘട്ട മുന്നറിയിപ്പായിട്ടാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ജലനിരപ്പ് ഇടുക്കി അണക്കെട്ടിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ 2382.53 അടിയാണ് ജലനിരപ്പ്. സംഭരിക്കാവുന്ന പരമാവധി ജലനിരപ്പിന്റെ അളവായ അപ്പർ റൂൾ കർവിലെത്താൻ ഇനി ഒരു അടി മാത്രം. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഒഴുകിയെത്തുന്നതാണ് കാരണം. ആലുവ,പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ എന്നാണ് വിവരം.

പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ വാണിങ്ങ് ലെവലിലും താഴെയാണ് പെരിയാറിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെക്കാൾ 10 അടിയിലേറെ വെള്ളമാണ് നിലവിൽ ഇടുക്കി ഡാമിലുള്ളത്. കഴിഞ്ഞ വർഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു.

 

Related Articles

Latest Articles