Monday, June 17, 2024
spot_img

കാറിൽ ചാരി നിന്ന ആറുവയസുകാരന് ക്രൂര മർദ്ദനം; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍, വിഷയത്തിൽ ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദ്ദേശം

കണ്ണൂർ: കാറിൽ ചാരിനിന്ന ആറുവയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ. കണ്ണൂര്‍ കളക്ടര്‍ക്കും എസ്പിക്കും ബാലാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം. വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

കുട്ടിയെ മര്‍ദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി പറഞ്ഞു.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മര്‍ദനമേറ്റത്. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. ഇതിനിടയില്‍ കാറില്‍ തൊട്ട ശേഷം കുട്ടി കാറില്‍ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Latest Articles