Sunday, November 15, 2026

തെരുവുനായ ഭീതിയൊഴിയാതെ സംസ്ഥാനം; അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം : തെരുവുനായ ഭീതിയൊഴിയാതെ സംസ്ഥാനം. തിരുവനന്തപുരം അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരി തെരുവുനായയുടെ ആക്രമണത്തിനിരയായി. റീജിൻ–സരിത ദമ്പതികളുടെ മകൾ റോസ്‍ലിനാണു തെരുവുനായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ റോസ്‍ലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ മാസം 11 ന് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് എന്ന പതിനൊന്നു വയസുകാരൻ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഓട്ടിസമുള്ള നിഹാലിന് സംസാരശേഷി കുറവായിരുന്നു. 11 ന് വൈകുന്നേരം അഞ്ചരമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി എട്ട് മണിയോടെ വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുപറിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ തെരുവ് നായകൾ ഓടിയപ്പോൾ കുട്ടി ഭയപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും തുടർന്ന് നായകൾ ആക്രമിച്ചതാകാമെന്നുമാണ് കരുതുന്നത്. സംഭവത്തെത്തുടർന്ന് മുഴുപ്പിലങ്ങാട് പ്രദേശത്തുനിന്ന് 31 തെരുവുനായ്ക്കളെ പിടികൂടിയിരുന്നു.

Related Articles

Latest Articles