Sunday, May 19, 2024
spot_img

കുളച്ചൽ യുദ്ധത്തിൽ പങ്കെടുത്ത് ജന്മനാടിന് വേണ്ടി പോരാടിയ എല്ലാ വീര യോദ്ധാക്കളുടെയും പ്രതീകം ! കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ ഗവർണർ അനാച്ഛാദനം ചെയ്തു

പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ കുളച്ചൽ യുദ്ധസ്മാരകത്തിൽ, കുളച്ചൽ യുദ്ധത്തിൽ പങ്കെടുത്ത് ജന്മനാടിന് വേണ്ടി പോരാടിയ എല്ലാ വീര യോദ്ധാക്കളെ പ്രതിനിധീകരിച്ച് നിർമ്മിച്ച കുളച്ചൽ വിജയ യോദ്ധാവിൻ്റെ പ്രതിമ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാച്ഛാദനം ചെയ്തു. ഇത്തരമൊരു ഉദ്യമത്തിന് മുൻകൈയ്യെടുത്ത സൈനിക കേന്ദ്രത്തെ അദ്ദേഹം അഭിനന്ദിച്ചു.

തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി 1741 ജൂലൈ 31ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.

ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു. ഡച്ചുകാർ എങ്ങനെയും തങ്ങൾക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളിൽ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാർത്താണ്ഡ വർമ്മയെ തെക്കു നിന്ന് ആക്രമിക്കാൻ അവർ തീരുമാനിച്ച്, കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവൻ ഡച്ചു നിയന്ത്രണത്തിലായി. അവർ വ്യാപാരങ്ങളും തുടങ്ങി.

അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡവർമ്മ യുദ്ധത്തിനെത്തി. എന്നാൽ അന്ന് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നത് നായർ പടയായതിനാലും നായർ പടയ്ക്ക് കടലും കടൽ കടന്നുള്ള യുദ്ധങ്ങളും നിഷിദ്ധമായിരുന്നതിനാലും കടലോരത്തെ തദ്ദേശവാസികളായ കടൽപ്പണിക്കാരുടെ സഹായം യുദ്ധത്തിനായി മാർത്താണ്ഡവർമ മഹാരാജാവ് തേടുകയുണ്ടായി.

കുളച്ചലിൽ വച്ചു നടന്ന ആ ചരിത്ര പ്രസിദ്ധമായ യുദ്ധത്തിൽ കടലോര തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തിരുവിതാംകൂർ സൈന്യം വീരോചിതമായി പോരാടി. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ബാക്കിയുള്ളവർ കോട്ടയിലേയ്ക്ക് പിൻവാങ്ങി. എന്നാൽ തിരുവിതാംകൂർ സൈന്യം കോട്ടയും തകർക്കാൻ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച ഡച്ചുകാർക്ക് താവളമായി കപ്പലുകളെ ആശ്രയിക്കേണ്ടതായി വന്നു. എന്നാൽ 1741 ജൂലൈ 31 ന് ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി.കടൽച്ചേലുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന കടൽപ്പണിക്കാർ കടലിൽ മുങ്ങിച്ചെന്ന് ഡച്ചു പട്ടാളത്തിന്റെ കപ്പലുകളിൽ ദ്വാരമുണ്ടാക്കുകയും പീരങ്കികളും വഹിച്ചുകിടന്ന ഡച്ചു കപ്പലുകളെ കടലിൽ മുക്കുകയും ചെയ്തു. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി. എന്നാൽ മലയാളം ഗ്രന്ഥവരികളിൽ 9 പേരുകളേ പരാമർശിച്ചിട്ടുള്ളൂ. ഡച്ചുകാരെ സംബന്ധിച്ചിടത്തോളം അവരുടെ വ്യാപാരമോഹങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു ഇത്. കേരളത്തെ സൈനിക ശക്തിയെ കുറച്ചു കണ്ട ഈ സന്ദർഭത്തിനു ശേഷം അവർ ഒരിക്കലും ഉയിർത്തെഴുന്നേല്പ് നടത്തിയില്ല. അവരുടെ ഏക ശക്തി കേന്ദ്രമായ കൊച്ചിയിലേയ്ക്ക് അവർ മടങ്ങി. മാർത്താണ്ഡ വർമ്മയെ സംബന്ധിച്ചിടത്തോളം കുളച്ചൽ യുദ്ധം ഒരു നിർണ്ണായക സംഭവമായിരുന്നു. തിരുവിതാംകൂറിനെ സംബന്ധിച്ചൊളം അതിന്റെ വളർച്ചയിൽ ഈ യുദ്ധം നിർണായകമായ പങ്ക് വഹിച്ചു. പിന്നീട് കായംകുളം രാജ്യത്തിന്റെ കീഴടങ്ങലിനും ഈ യുദ്ധം സഹായകമായി. ഈ യുദ്ധത്തിൽ തടവിൽ പിടിക്കപ്പെട്ട ഡി ലനൊയി തിരുവിതാംകൂർ സൈന്യത്തിന് ആവശ്യമായ പരിശീലനം നൽകുന്നതിനു മാർത്താണ്ഡവർമ്മയെ സഹായിച്ചു. ഒരു വിദേശ ശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു ഇത്

Related Articles

Latest Articles