Friday, December 19, 2025

യുവാവിന്റെ മുകളിലേക്ക് കടുവ ചാടി!;ഓട്ടത്തിനിടയില്‍ ഓടയില്‍ വീണു;പൂതാടിയില്‍ കടുവ ആക്രമണത്തിൽ നിന്നും ബിനു രക്ഷപ്പെട്ടത് തലനാരിഴക്ക്

കല്‍പ്പറ്റ: പൂതാടി പഞ്ചായത്തില്‍ യുവാവിനുനേരെ കടുവ ആക്രമണം.പതിനാലാം വാര്‍ഡായ അതിരാറ്റുകുന്നില്‍ ഉള്‍പ്പെടുന്ന പരപ്പനങ്ങാടിയിലെ വാളാഞ്ചേരി മോസ്‌കോ കുന്നിലാണ് സംഭവം.ഇവിടെയുള്ള ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു (20) ആണ് കടുവ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത് . ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവമെങ്കിലും ഇന്നാണ് അധികൃതര്‍ വിവരമറിയുന്നത്. ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം.

വീടിന് കുറച്ചകലെ ഓട്ടോയില്‍ വന്നിറങ്ങിയ യുവാവ് കുറച്ചു ദൂരം നടന്നെങ്കിലും ബാഗ് വാഹനത്തില്‍ വെച്ച് മറന്നു പോയിരുന്നു. ഇക്കാര്യം ഓട്ടോക്കാരനോട് ഫോണില്‍ അറിയിച്ച് ബാഗ് എടുത്ത് തിരികെ വരുന്നതിനിടെയായിരുന്നു ആക്രമണം. ബിനുവിന് മുകളിലേക്ക് ചാടിയെങ്കിലും ഇയാള്‍ സമീപത്തെ ചാലില്‍ വീണുപോയതിനാല്‍ കടുവക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബിനു പറയുന്നു. ഇതിനിടെ സമീപത്തെ മരത്തില്‍ വലിഞ്ഞ് കയറിയതിനാലാണ് രക്ഷപ്പെട്ടതെന്നും സംഭവസ്ഥലത്തെത്തിയ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍എ, വനംവകുപ്പ്. പഞ്ചായത്ത് അധികാരികള്‍ എന്നിവരോട് ബിനു വിവരിച്ചു.
വ്യാഴാഴ്ച രാവിലെ തന്നെ എം.എല്‍.എയും വനപാലകരും എത്തി ബിനുവിനെ കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തില്‍ കൈയില്‍ ചെറിയ മുറിവ് പറ്റിയിട്ടുണ്ട്.

Related Articles

Latest Articles