Friday, October 16, 2026

മാതാപിതാക്കൾക്കൊപ്പം പോകണമെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതി വരാന്തയിൽ കൈ ഞരമ്പ് മുറിച്ച് തൃശൂർ സ്വദേശിയുടെ ആത്മഹത്യാശ്രമം

കൊച്ചി : കേരള ഹൈക്കോടതി വരാന്തയിൽ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശി വിഷ്ണുവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. യുവാവിനൊപ്പം പോകില്ലെന്ന് പെൺസുഹൃത്ത് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിഷ്ണു കൈ ഞരമ്പ് മുറിച്ചത്.

ഹേബിയസ് കോർപ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിനു പുറത്തായിരുന്നു സംഭവം. വിഷ്ണു കുറച്ചു നാളുകളായി പെണ്‍സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഇതോടെ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

കോടതിയിൽ ഹാജരായപ്പോൾ ആർക്കൊപ്പം പോകണമെന്ന കോടതിയുടെ ചോദ്യത്തിന് മാതാപിതാക്കൾക്കൊപ്പം പോകണമെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. പിന്നാലെ ചേംബറിനു പുറത്തിറങ്ങിയതോടെ വിഷ്ണു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടർന്ന് ജസ്റ്റിസ് ഇറങ്ങിവന്ന് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. യുവാവിനെ ആശ‍‍ുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles