Monday, May 20, 2024
spot_img

മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം;കെഎസ്‍യു നേതാവടക്കം 6 വിദ്യാർത്ഥികൾ അദ്ധ്യാപകനായ ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞു !

കൊച്ചി:മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‍യു നേതാവടക്കം 6 വിദ്യാർത്ഥികൾ അദ്ധ്യാപകനായ ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞു. ഗവേണിങ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം ഇന്ന് ക്ലാസ് മുറിയില്‍വെച്ചാണ് അദ്ധ്യാപകന്‍ സി.യു. പ്രിയേഷിനോട്‌ വിദ്യാർത്ഥികൾ മാപ്പുപറഞ്ഞത്.

സംഭവത്തില്‍ മഹാരാജാസ് കോളേജ് അന്വേഷണത്തിന് നിയോഗിച്ചിരുന്ന കമ്മിഷനിലെ മൂന്ന് അദ്ധ്യാപകരുടെ സാന്നിധ്യത്തിലാണ് വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞത്. ഓണം അവധിക്ക് ശേഷം അദ്ധ്യാപകനെ നേരില്‍കണ്ട് മാപ്പു പറയാമെന്നായിരുന്നു വിദ്യാർത്ഥികള്‍ നേരത്തെ കോളേജ് അധികൃതരെ അറിയിച്ചത്. അന്വേഷണ കമ്മീഷനും ഈ ആവശ്യം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ചിരുന്നു.

സംഭവത്തിൽ നേരത്തെ ആറ് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് അദ്ധ്യാപകൻ അവഹേളനത്തിനിരയായത്. അദ്ധ്യാപകന്റെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതിന്റെ ദൃശ്യങ്ങൾ ക്ലാസിലുണ്ടായിരുന്ന മറ്റു ചില വിദ്യാര്‍ത്ഥികള്‍ പകർത്തുകയും അവ പുറത്തു വരികയും ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കെഎസ്‌യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാര്‍ത്ഥികളാണ് അദ്ധ്യാപകനെ അവഹേളിച്ചത്. സംഭവത്തില്‍ പോലീസില്‍ പരാതി ലഭിച്ചെങ്കിലും അധ്യാപകന്‍ പരാതി ഇല്ലെന്ന് അറിയിച്ചതിനാല്‍ നിയമനടപടികള്‍ ഉണ്ടായില്ല.

Related Articles

Latest Articles