Saturday, June 15, 2024
spot_img

നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ട യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ! പ്രകോപന കാരണം പ്രണയപ്പകയോ ? പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: പെരുമ്പാവൂര്‍ രായമംഗലത്ത് നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ട യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വിനാണ് യുവാവിന്റെ ആക്രമണത്തിൽ മാരകമായി വെട്ടേറ്റത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ പെൺകുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിട്ടുണ്ട്.

ഇന്നുച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാർത്ഥിയായ പ്രതി എല്‍ദോസും കോലഞ്ചേരിയില്‍ നഴ്സിങ് വിദ്യാർത്ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് യുവാവിനെ പ്രകോപിതനാക്കിയതുമെന്നുമാണ് വിവരം. അക്രമണശേഷം സംഭവസ്ഥലത്തുനിന്ന് എല്‍ദോസ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Related Articles

Latest Articles