കൊച്ചി: തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ട് മുൻ മന്ത്രി എ.സി. മൊയ്തീന് വീണ്ടും ഇ.ഡി. നോട്ടീസയച്ചു. ഈ മാസം പതിനൊന്നാം തീയതി ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഇ.ഡി. നോട്ടീസ് ലഭിച്ചതായും ഈ മാസം പതിനൊന്നിന് തന്നെ ഹാജരാകുമെന്നും എ.സി. മൊയ്തീൻ അറിയിച്ചു. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ നാല് എന്നീ തീയതികളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മൊയ്തീന്‍ തയ്യാറായിരുന്നില്ല.രണ്ടാഴ്ചത്തെ സമയമാണ് ആദ്യനോട്ടീസ് ലഭിച്ചപ്പോള്‍ മൊയ്തീന്‍ ആവശ്യപ്പെട്ടത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹാജരാകേണ്ടെന്നായിരുന്നു സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റ നിര്‍ദേശം.
അതെ സമയം കേസിൽ അറസ്റ്റിലായ പി. സതീഷ് കുമാറിനേയും പി.പി. കിരണിനേയും നാലുദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാത്രി അറസ്റ്റിലായ ഇരുവരെയും ഇന്ന് വൈകുന്നേരത്തോടെ കലൂരിലെ കോടതിയിലാണ് ഹാജരാക്കിയത്.ശനിയാഴ്ചവരെ ഇഡി. കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും അവധി ദിവസമായതിനാല്‍ വെള്ളിയാഴ്ച വൈകുന്നേരം നാലുമണിവരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
കിരണിന് ബാങ്കിൽ അംഗത്വമില്ല. ഇയാൾക്ക് വായ്പനൽകാൻ പാവപ്പെട്ടവരായ ഒട്ടേറെപ്പേരുടെ രേഖകൾ ഉപയോഗപ്പെടുത്തിയിരുന്നു. അവർ പോലുമറിയാതെയാണ് ആ രേഖകൾ ഈടായി സ്വീകരിച്ച് ബാങ്ക് വായ്പയനുവദിച്ചത്. ബാങ്കിന്റെ അധികാരപരിധിക്കു പുറത്ത് താമസിക്കുന്ന പി.പി. കിരണിന് ചട്ടവിരുദ്ധമായി 19,873 എന്ന നമ്പറിൽ അംഗത്വം നൽകി. ബാങ്കിൽനിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയിൽ ലഭിച്ചതായി ഇഡി. കോടതിയിൽ വ്യക്തമാക്കി. സാധാരണക്കാരായ 51 പേരുടെ രേഖകൾ അവർ പോലുമറിയാതെ ഈടുവെച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നൽകിയത്. ഇതിന്റെ പലിശയുൾപ്പെടെ 48.57 കോടി രൂപ ബാങ്കിന് തിരിച്ചടയ്ക്കാനുണ്ട്. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാർ ഉന്നത രാഷ്ട്രീയപ്രമുഖർക്ക് കൈമാറിയെന്നാണ് ഇഡി യുടെ നിഗമനം.

