Sunday, October 4, 2026

സംസ്ഥാനത്ത് 12 മണിക്കൂറിനുള്ളിൽ 2 കൊലപാതകങ്ങൾ; തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് കളി

തിരുവനന്തപുരം: കേരളത്തെ നടുക്കിയ രണ്ട് രാഷ്ട്രീയ കൊലപാതങ്ങള്‍ നടന്നിട്ടും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാന്‍ പോയ പോലീസുകാരന്‍ മുങ്ങിമരിച്ചിട്ടും ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരം കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച്ച രാവിലെയാണ് ഐപിഎസ് -ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അടക്കമാണ് ട്വന്റി-20 മത്സരത്തില്‍ പങ്കെടുത്തത്.

ഇത് നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റിവെക്കാമായിരുന്നു എന്ന് പോലീസ് സേനക്കിടയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

മാത്രമല്ല മുങ്ങിമരിച്ച പോലീസുകാരന്റെ പോസ്റ്റുമോര്‍ട്ടം നടക്കുമ്പോള്‍ ക്രിക്കറ്റ് മത്സരം നടത്തിയതിലെ ഔചിത്യക്കുറവും സേനയിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാന്‍ പോയ എസ്എപി ക്യാമ്പിലെ പോലീസുകാരന്‍ ബാലു മുങ്ങിമരിച്ചത്.

ബാലുവിന്റെ മൃതദേഹം എസ്എപി ക്യാമ്പിലെ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതുവരെ ഈ മത്സരം നീണ്ടു.

ഇതിനുപുറമേ ആലപ്പുഴ ജില്ലയിൽ രണ്ടു രാഷ്ട്രീയ കൊലപാതങ്ങള്‍ നടന്നതിന്റെ ഞെട്ടലില്‍ കൂടിയാണ് കേരളം.

അതീവ ജാഗ്രത പാലിക്കേണ്ട ഈ സമയത്താണ് പോലീസിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം.

Related Articles

Latest Articles