Thursday, May 2, 2024
spot_img

സത്യേന്ദ്ര ജെയിൻ എന്ന അഴിമതിക്കാരനെ കെജ്‌രിവാൾ സംരക്ഷിക്കുന്നതെന്തിന് ?

ആം ആദ്‌മി പാർട്ടിയുടെ അഴിമതി വിരുദ്ധ മുഖംമൂടി അഴിഞ്ഞു വീഴുന്നു. ദില്ലി മന്ത്രി സത്യേന്ദ്ര ജെയിൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി. നേരത്തെ ഭരണമേറ്റെടുത്ത് രണ്ടു മാസം തികയുന്നതിനു മുമ്പ് പഞ്ചാബ് മന്ത്രിയെ അഴിമതി ആരോപണത്തെ തുടർന്ന് പുറത്താക്കിയിരുന്നു. ഇപ്പോഴിതാ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉടൻ അറസ്റ്റിലാകുമെന്നാണ് സൂചന. മനീഷ് സിസോദിയയെ മുൻകൂറായി പ്രതിരോധിച്ചുകൊണ്ട് കെജ്‌രിവാൾ നടത്തിയ വാർത്താ സമ്മേളനവും ദുരൂഹമാണ്. 2015 – 16 കാലഘട്ടത്തിൽ കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവിൽ 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് 2017ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിയും കേസെടുത്തത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ഡൽഹി കോടതി ജൂൺ 9വരെ എൻഫോഴ്സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണ ഇടപാടുകളുടെ സ്രോതസും മറ്റും വ്യക്തമാകാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന എൻഫോഴ്സ്‌മെ‌ന്റ് വാദം കോടതി അംഗീകരിക്കുകയായിരുന്നു. കൊൽക്കത്ത കേന്ദ്രമായ സ്ഥാപനം വഴി സത്യേന്ദ്ര ജെയിനിന് പങ്കാളിത്തമുള്ള നാലു കമ്പനികളിൽ ഹവാലാ ഇടപാട് വഴി കള്ളപ്പണം വന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചു. പണം ജെയിനിനു വേണ്ടി വന്നതാണോ എന്നും വ്യക്തമാകേണ്ടതുണ്ട്. ഇ.ഡി വാദം തള്ളിയ സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകൻ ഹരിഹരൻ തന്റെ കക്ഷിയുടെ വീട്ടിൽ രണ്ടു തവണ റെയ്ഡ് നടന്നതാണെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം 2017ൽ സി.ബി.ഐ രജിസ്റ്റർ ചെയ്‌ത കേസിന്റെ തുടർച്ചയായാണ് എൻഫോഴ്സ്‌മെന്റ് കഴിഞ്ഞ ദിവസം മന്ത്രിയെ അറസ്റ്റ് ചെയ്‌തത്. ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പി സർക്കാരിന്റെ രാഷ്‌ട്രീയ നീക്കണമാണ് അറസ്റ്റെന്ന് ആംആദ്‌മി പാർട്ടി ആരോപിച്ചു.

 

Related Articles

Latest Articles