Saturday, November 7, 2026

ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി: ആം ആദ്മി നേതാക്കള്‍ ബി.ജെ.പിയിൽ ചേർന്നു; ഹിമാചല്‍ പ്രദേശ് പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടു

ഷിംല: ഹിമാചൽ പ്രദേശിൽ ആം ആദ്മി പാര്‍ട്ടിക്ക് വൻ തിരിച്ചടി. നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഇതോടെ സംസ്ഥാന പ്രവര്‍ത്തക സമിതി പിരിച്ചുവിടുന്നതായി നേതൃത്വം അറിയിച്ചു.

അതേസമയം ഹിമാചല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ പ്രവര്‍ത്തക സമിതി സംഘടിപ്പിക്കുമെന്ന് ആം ആദ്മി നേതാവും ദില്ലി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. തുടർന്ന് പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടതും പുന:സംഘടിപ്പിക്കുന്നതും സംബന്ധിച്ച പാര്‍ട്ടിയുടെ തീരുമാനം ട്വിറ്ററിലൂടെയാണ് ജെയിന്‍ അറിയിച്ചത്.

ഇതിനുപിന്നാലെ അരവിന്ദ് കെജരിവാളിനെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പരിഹസിച്ചിരുന്നു. പഞ്ചാബിൽ നേടിയ വിജയം പോലെ ഹിമാചലിലും തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിക്കുന്ന അരവിന്ദ് കെജരിവാള്‍ ഇപ്പോള്‍ സംസ്ഥാനത്ത് തന്‍റെ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നാണ് അനുരാഗ് താക്കൂര്‍ പരിഹസിച്ചത്.

എന്നാല്‍, ഹിമാചലില്‍ കോണ്‍ഗ്രസ് 30 വര്‍ഷവും ബി.ജെ.പി 17 വര്‍ഷവും ഭരിച്ചിട്ട് സംസ്ഥാനത്തെ കൊള്ളയടിക്കുക മാത്രമാണ് ചെയ്തതെന്ന് കെജരിവാള്‍ പറഞ്ഞു. ഒരു അഞ്ച് വര്‍ഷം ആം ആദ്മിക്ക് നല്‍കുകയാണെങ്കില്‍ നല്ല ഭരണം കാഴ്ചവെക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഈ വര്‍ഷം അവസാനമാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Latest Articles