Monday, May 20, 2024
spot_img

റദ്ദാക്കേണ്ടി വന്നത് 90 ഓളം വിമാനങ്ങൾ ! എയർ ഇന്ത്യ എക്‌സ്‌പ്രസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം

ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെത്തുടർന്ന് 90 ഓളം വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്‌പ്രസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം. മുന്നറിയിപ്പില്ലാതെ ഒരുകൂട്ടം ജീവനക്കാർ പ്രതിഷേധ സൂചകമായി അവധി എടുത്തതുമൂലം ഇന്നലെ രാത്രി മുതൽ ഇതുവരെ 90 ഓളം വിമാനങ്ങളാണ് എയർ ഇന്ത്യ എക്‌സ്‌പ്രസിന് റദ്ദാക്കേണ്ടി വന്നത്.സീനിയർ ക്യാബിൻ ക്രൂ വിഭാഗത്തിലെ ജീവനക്കാരാണ് പണിമുടക്കിയത്. സീനിയർ ക്യാബിൻ ക്രൂ ജീവനക്കാർ ഇല്ലാതെ സർവ്വീസ് നടത്തരുതെന്നാണ് ചട്ടം. മാനേജ്മെന്റിനോടുള്ള പ്രതിഷേധമാണ് പണിമുടക്കിന് കാരണം. ഇടത് യുണിയനുകളാണ് നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടക്കിയ പണിമുടക്കിന് നേതൃത്വം നൽകുന്നത്.

വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. കൂടാതെ, ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ എയർലൈനിനോട് നിർദ്ദേശിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദ് ചെയ്യപ്പെട്ടതോടെ യാത്രക്കാർ രാജ്യവ്യാപകമായി വിമാനത്താവളങ്ങളിൽ പ്രതിഷേധിക്കുന്ന സംഭവങ്ങളും ഉണ്ടായി. കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നത് യാത്രക്കാർക്കിടയിൽ പ്രതിഷേധം ഉയർത്തി. ഒരുമിച്ചുള്ള സിക്ക് ലീവ് എടുത്തതിന്റെ കാരണങ്ങൾ മനസിലാക്കാൻ ക്യാബിൻ ക്രൂ അംഗങ്ങളുമായി ചർച്ച നടത്തുകയാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

Related Articles

Latest Articles