Saturday, May 4, 2024
spot_img

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം ! പി.വി അൻവറിനെതിരെ പോലീസിലും പരാതി നൽകി കോൺഗ്രസ്

വയനാട് മണ്ഡലത്തിലെ യുഡിഎഫ് സഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ പി വി അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനു പുറമെ ഡിജിപി, കോഴിക്കോട് റൂറൽ എസ് പി , എസ് എച്ച് ഒ മുക്കം എന്നിവർക്കാണ് അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.

പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് പി വി അന്‍വര്‍ അധിക്ഷേപ പ്രസംഗം നടത്തിയത്.

“ഗാന്ധിയെന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ഗാന്ധി മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടുദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജനിറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് അക്കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധി മോഡിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്.” – പ്രസംഗത്തിൽ പി വി അൻവർ പരാമർശിച്ചു .

കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡണ്ടാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. എൽ ഡി എഫ് സ്ഥാനാർഥി എ വിജയരാഘവന്‍റെ പ്രചരണ വേദിയിൽ പി വി അൻവർ എം എൽ എ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഡി എൻ എ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞ് നടത്തിയ പരാമർശം സ്ത്രീത്വത്തെയും, മാതൃത്വത്തെയും അവഹേളിക്കുന്നതാണെന്നടക്കം പരാതിയിൽ പറയുന്നു. സംഭവത്തിൽ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ അറിയിച്ചിരുന്നു.

Related Articles

Latest Articles