താനൂർ: മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽപ്പെട്ട് കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിന്റെ തിരക്കിൽ കുട്ടിയെ കാണാതാവുകയായിരുന്നു. നിലവിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഇതോടെ ഇനി അപകടത്തിൽപ്പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് നിഗമനം. നിലവിൽ ആരെയും കാണാനില്ല എന്ന പരാതി ഇപ്പോൾ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ തിരച്ചിൽ അവസാനിപ്പിച്ചേക്കും.
ഇതോടെ അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത് 37 പേരാണെന്ന സംശയം ബലപ്പെടുകയാണ്. അപകടം നടന്നയുടൻ ബോട്ടിൽ നിന്ന് വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെട്ട അഞ്ച് പേരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നാണ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനായത്. 22 പേരാണ് അപകടത്തിൽ മരിച്ചത്. കാണാതായെന്ന കരുതിയ കുട്ടിയടക്കം പത്ത് പേരാണ് ചികിത്സയിലുള്ളത്.

