Monday, September 21, 2026

ബോട്ട് ഉടമ നാസറിന്റെ സഹോദരനും അയൽവാസിയും കൊച്ചിയിൽ പിടിയിൽ ; നാസർ ഉടൻ പിടിയിലായേക്കും

മലപ്പുറം : താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദസഞ്ചാരയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പൊലീസ് പിടികൂടി. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് കണ്ടെടുത്തു. എന്നാൽ ഒളിവിൽപ്പോയ നാസറിനെ ഇത് വരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ പിടിയിലായ ഇയാളുടെ സഹോദരനിൽ നിന്ന് ഇയാൾ എവിടെയെന്ന വിവരം ലഭിക്കുമെന്നാണ് കരുതുന്നത്.

നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. നാസർ വീട്ടിലില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് ബിസിനസ്സിലേക്ക് കടന്നത്.

വിനോദസഞ്ചാര ബോട്ട്, ബോട്ട് മാന്വൽ അനുശാസിക്കുന്ന നിബന്ധനകൾ പ്രകാരം നിർമിച്ച ബോട്ടല്ലെന്നും മത്സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണെന്നും ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽ‌കിയതായും പറയപ്പെടുന്നുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.

റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതിന് മുൻപാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾ പറ‍ഞ്ഞു. മത്സ്യബന്ധന ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണ് ചട്ടം.

ബോട്ടിന്റെ ഘടന കണ്ട മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഇരുനില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകൾ കൂടുതൽ ആളുകൾ കയറുമെന്നതിനാൽ അടിഭാഗം പരന്ന നിലയിലാണ് വേണ്ടിയിരുന്നത്. എന്നാൽ, അപകടത്തിനിടയാക്കിയ ബോട്ട് അടിഭാഗം മത്സ്യബന്ധനബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ ഭാരം മൂലം ബോട്ട് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.

Related Articles

Latest Articles