പത്തനംതിട്ട: പത്തനംതിട്ടയിൽ ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെയാണ് അപകടം. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരനായ ബിനുവാണ് ഒഴുക്കിൽപ്പെട്ടത്. പരിപാടിയുടെ ഭാഗമായി ബിനു ഉള്‍പ്പെടെയുള്ള നീന്തലറിയാവുന്ന നാല് പേർ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. പുഴയിലിൽ ഇറങ്ങിയശേഷം ബിനു ഒഴുക്കിൽപെടുകയായിരുന്നു. ഫയർ ഫോഴ്സിന്റെ സ്ക്രൂബ ടീം ഇയാളെ കരയ്ക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബിനുവിന്റെ നില അതീവ ഗുരുതരമാണ്.
ഇന്ന് സംസ്ഥാനത്തെമ്പാടും മോക് ഡ്രിൽ നടക്കുന്നുണ്ട്. പ്രളയവും ഉരുൾപൊട്ടലും നേരിടുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രില്ല് സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചാണ് മോക്ക് ഡ്രില്ല് നടത്തുന്നത്. വെണിക്കുളത്ത് സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ നീന്തലറിയാവുന്ന നാല് നാട്ടുകാരുടെ സഹായം സംഘാടകർ തേടിയിരുന്നു. ഇതേ തുടർന്നാണ് ബിനു അടക്കമുള്ള നാല് പേർ മോക്ക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്.

