ഇടുക്കി: അയ്യപ്പൻകോവിലിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചപ്പാത്ത് പച്ചക്കാട് നടുപ്പറമ്പിൽ ബിബിൻ ബിജു, റാന്നി മഠത്തുംമൂഴി പൂത്തുറയിൽ നിഖിൽ സുനിൽ എന്നിവരാണ് മരിച്ചത്. പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ മുങ്ങി പോവുകയായിരുന്നു.
തോണിത്തടിപമ്പ് ഹൗസിന് സമീപമുള്ള ആശാൻ കയത്തിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. കയത്തിന്റെ ആഴത്തെപ്പറ്റി നിശ്ചയമില്ലാതിരുന്ന കുട്ടികൾ കാൽ വഴുതി കയത്തിലേക്ക് താഴുകയായിരുന്നു. പെരിയാറിന്റെ തീരത്തുകൂടിയുള്ള റോഡിലൂടെ നടന്ന് പോയ മറ്റാരു വിദ്യാർത്ഥി കയത്തിൽ 4 കൈകൾ താഴുന്നത് കാണുകയും സമീപവാസികളെ അറിയിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.
ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം രണ്ടുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നാളെ നടത്തും.

