ബെംഗളൂരു: കർണാടകയെയും കേരളത്തെയും ഒരുപോലെ പിടിച്ചുലച്ച ബെംഗളൂരു മഡിവാള ബലാത്സംഗ കേസിൽ പ്രതി മാപ്പു പറയുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്. ക്രൂരമായ അതിക്രമത്തിന് ശേഷം ഇരയായ പെൺകുട്ടിയും സുഹൃത്തുക്കളും ചേർന്ന് ചോദ്യം ചെയ്യുമ്പോഴാണ് പ്രതി ഹൈനസ് കൈകൂപ്പി മാപ്പപേക്ഷിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മെഡിക്കൽ പരിശോധന വൈകിപ്പിച്ച് നിർണായക തെളിവുകൾ നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണങ്ങൾക്കിടയിൽ, പ്രതിയുടെ ഈ കുറ്റസമ്മത ദൃശ്യങ്ങൾ കേസിൽ വലിയ തെളിവായി മാറുമെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്.
മാധ്യമങ്ങളുടെ ശക്തമായ ഇടപെടലിന് പിന്നാലെ കേസിൽ സുപ്രധാന മാറ്റങ്ങളുമായി കർണാടക പൊലീസും രംഗത്തെത്തിയിട്ടുണ്ട്. പരാതി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറുകയും കന്യകാത്വം ചോദ്യം ചെയ്യുകയും ചെയ്ത മഡിവാള പൊലീസിൽ നിന്നും കേസിന്റെ അന്വേഷണം മാറ്റി. സംഭവത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ ഈസ്റ്റ് ജോയിന്റ് കമ്മീഷണർ രമേഷ്, അന്വേഷണ ചുമതല ആഡുഗോഡി സ്റ്റേഷനിലേക്ക് കൈമാറി. ആഡുഗോഡി എസിപിക്കാണ് നിലവിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
ഇതിനൊപ്പം തന്നെ ഇരയായ ഇരുപതുകാരിയെ അപമാനിച്ച മഡിവാള എസ്ഐക്കെതിരെയും, കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ച മറ്റ് പൊലീസുകാർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നാണ് വിവരം. കേസ് അട്ടിമറിക്കാൻ മഡിവാള പൊലീസ് നേരത്തെ തയാറാക്കിയ ദുർബലമായ എഫ്ഐആർ റദ്ദാക്കാനും, ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ജോയിന്റ് കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. അതിക്രമത്തിന് ഇരയായ പെൺകുട്ടിക്കും സുഹൃത്തുക്കൾക്കും ഇപ്പോൾ പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
നിലവിൽ ഒളിവിൽ പോയ പ്രതി ഹൈനസിനായി കർണാടക പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പ്രതി കേരളത്തിലേക്ക് കടന്നെന്ന ശക്തമായ സൂചനകളെ തുടർന്ന് കർണാടകയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. കണ്ണൂർ സ്വദേശിയായ ഹൈനസിന്റെ ഭാര്യവീട് വയനാട്ടിലെ സുൽത്താൻബത്തേരിയിലാണ്. ഈ രണ്ടിടങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഫ്ലാറ്റിന് പുറത്തുപോയ സമയം നോക്കിയായിരുന്നു ഹൈനസ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.

