ജയ്പുര്‍ : പൊതുനിരത്തില്‍ വച്ച് വിദേശവനിതയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയിലായി. കഴിഞ്ഞ ജയ്‌പൂരിൽ വച്ച് ഇയാൾ വിദേശ വനിതയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ഒപ്പം നടന്ന് ശല്യപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ രാജസ്ഥാനിലെ ബാരന്‍ സ്വദേശിയായ കുല്‍ദീപ് സിങ് സിസോദിയ(40)യെയാണ് ബിക്കാനേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടൻ തന്നെ ജയ്പുര്‍ പോലീസിന് കൈമാറും.
ബ്രിട്ടീഷ് യുവതിക്കാണ് സിന്ധി ക്യാമ്പിന് സമീപത്തുള്ള ഹോട്ടലിന് സമീപത്ത് വച്ച് മോശം അനുഭവം ഉണ്ടായത്. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പിന്നീട് സാമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തിൽ വൻ വിമർശനം ഉയർന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഹോട്ടല്‍ രേഖകള്‍ പരിശോധിച്ച് യുവതിയുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും യുവതിയെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ കുല്‍ദീപ് സിങ് മീശ വടിച്ച് വേഷംമാറിയാണ് നടന്നിരുന്നത്. എന്നാല്‍ സ്ഥിരമായി ധരിച്ചിരുന്ന തൊപ്പി ഒഴിവാക്കാൻ ഇയാൾ മറന്നു. ഈ തൊപ്പി കണ്ടാണ് ഇയാളെ പെട്ടെന്ന് തിരിച്ചറിഞ്ഞത്.

