Tuesday, December 23, 2025

പരീക്ഷ എഴുതാന്‍ പോയി, പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം: ഭര്‍ത്താവ് അറസ്റ്റില്‍

പശ്ചിമബംഗാൾ: പരീക്ഷ എഴുതാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ പെണ്‍കുട്ടിക്ക് നേരെയാണ് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്താണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചത്. എന്നാൽ വിവാഹത്തിന് ശേഷവും പെണ്‍കുട്ടി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടര്‍ന്നിരുന്നു.

പക്ഷേ ഭര്‍ത്താവിന് ഇതിനോട് എതിര്‍പ്പാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് തിരികെ പോയി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടര്‍ന്നു. തുടർന്ന് പരീക്ഷ നടക്കുന്ന ദിവസം ഭര്‍ത്താവ് പെണ്‍കുട്ടിയെ വിളിച്ച് പരീക്ഷാ കേന്ദ്രം അന്വേഷിക്കുകയൂം പരീക്ഷാ ഹാളിന് പുറത്ത് സുഹൃത്തുക്കളുമൊത്ത് പഠിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയോട് പരീക്ഷ എഴുതരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പരീക്ഷ എഴുതുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ അയാള്‍ പോക്കറ്റില്‍ നിന്നും കുപ്പി എടുത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ മുഖത്തും, ശരീരത്തിന്റെ മുകള്‍ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റു.

ഇതിനു പിന്നാലെ പെണ്‍കുട്ടിയെ കാണാന്‍ ഉടനെ തന്നെ ഒരു സംഘത്തെ അയച്ചതായി ബിര്‍ഭൂമിലെ കൗണ്‍സില്‍ ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ അംഗം പറഞ്ഞു. വൈകിയാണെങ്കിലും പെണ്‍കുട്ടിയെ കൂടി ഉള്‍പ്പെടുത്തി പരീക്ഷ നടത്താന്‍ തയ്യാറെടുപ്പ് നടത്തിയെങ്കിലും കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles

Latest Articles