രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ചതില്‍പ്രതികരണവുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി. ഭാരതരത്ന പുരസ്‌കാരം അങ്ങേയറ്റത്തെ വിനയത്തോടെ സ്വീകരിക്കുന്നതായും ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് ലഭിച്ച ബഹുമതി എന്നതിനുമപ്പുറം താൻ പിന്തുടരുന്ന ആദര്‍ശങ്ങള്‍ക്ക് കൂടി ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
അദ്വാനിക്ക് ഭാരതരത്ന ലഭിച്ചതിലുള്ള സന്തോഷം മധുരം വിതരണം ചെയ്താണ് കുടുംബം പങ്കുവെച്ചത്.
“ദാദയ്ക്ക് ഭാരതരത്ന ലഭിച്ചതില്‍ മുഴുവന്‍ കുടുംബവും വലിയ സന്തോഷത്തിലാണ്. ഇന്ന് ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുകയാണ്. രാഷ്ട്രീയമായും വ്യക്തിപരമായും ദാദയുടെ ജീവിതത്തില്‍ അമ്മ നല്‍കിയ സംഭാവനകള്‍ അത്ര വലുതാണ്. ഭാരതരത്ന ലഭിച്ച വാര്‍ത്ത പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞാല്‍ പോലും കണ്ണുകള്‍ നിറയുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. തന്റെ മുഴുവന്‍ ജീവിതവും രാജ്യത്തെ സേവിക്കാനായാണ് ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും രാജ്യത്തെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു.’ -എല്‍.കെ. അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി പറഞ്ഞു.

