പത്തനംതിട്ട: ഇടുക്കി പാഞ്ചാലിമേട്ടിൽ നടക്കുന്ന കുരിശു കൃഷിക്കെതിരെ കർശന നടപടികളുമായി അധികൃതർ. പാഞ്ചാലിമേട്ടിൽ സ്ഥാപിച്ചിട്ടുള്ള കുരിശുകൾ ഉടൻ പൊളിച്ചുനീക്കണമെന്ന് വില്ലജ് ഓഫീസർ കർശന നിർദേശം നൽകി. കുരിശ് സ്ഥാപിച്ച കനകംഗവയല്‍ കത്തോലിക്കാ പള്ളിക്കാണ് പെരുവനന്താനം വില്ലേജ് ഓഫീസര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
ശബരിമല ക്ഷേത്രത്തോട് ബന്ധപ്പെട്ടുകിടക്കുന്ന മലയാണ് പാഞ്ചാലിമേട്. ശബരിമല ശാസ്താവിന്റെ പതിനെട്ട് മലകളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. മകരജ്യോതി ദർശിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ എല്ലാ വർഷവും ഈ മലയിലെത്താറുണ്ട്.
പാഞ്ചാലിമേട്ടിൽ ദ്വാപര യുഗത്തിന്റെ ശേഷിപ്പുകളുണ്ടെന്നും കരുതപ്പെടുന്നു. പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ട ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്. എന്നാൽ ഇപ്പോൾ കണ്ണെത്താ ദൂരത്തോളം വരി വരിയായി നാട്ടിയ കുരിശുകളാണ് പാഞ്ചാലിമേട്ടിലെ കാഴ്ച. പാഞ്ചാലിമേടിൻറെ പേര് മരിയൻ കുരിശുമുടി എന്ന് മാറ്റിയിട്ടുമുണ്ട്.
ഇരുപത് വര്ഷം മുൻപാണ് ഇവിടെ ആദ്യ കുരിശ് സ്ഥാപിക്കുന്നത്. ഇത് അധികൃതർ പൊളിച്ചുനീക്കിയെങ്കിലും വീണ്ടും ഇവിടെ കുരിശുകൾ ഉയർന്നു. മാസങ്ങൾക്ക് മുൻപ് മൂന്ന് കുരിശുകൂടി സ്ഥാപിച്ചതോടെ ഇവിടെയുള്ള കുരിശുകളും എണ്ണം പതിനേഴായി. മരിയൻ കുരിശുമുടിയിലേക്ക് സ്വാഗതം എന്നെഴുതിയ കൂറ്റൻ കമാനവും ഇവിടെ സ്ഥാപിച്ചു. ഈ കവാടം മുതലുള്ള ഭൂമിയിലാണ് കൈയ്യേറി കുരിശുനാട്ടിയിട്ടുള്ളത്.

