Tuesday, May 21, 2024
spot_img

ഓര്‍മകളുടെ ഗോപിക്കുറി

തിരുവനന്തപുരം : മലയാളചലച്ചിത്രരംഗത്തെ പ്രശസ്ത അഭിനേതാവായിരുന്ന പത്മശ്രീ ഭരത് ഗോപിയുടെ 12 -ാ0 ചരമവാര്‍ഷിക ദിനമാണിന്ന് . സിനിമാ ശാഖയ്ക്ക് നികത്താന്‍ കഴിയാത്ത അഭിനയ സാന്നിധ്യമായിരുന്നു ഭരത് ഗോപി. അദ്ദേഹത്തിന്റെ അടിമുതല്‍ മുടിവരെയുള്ള ഓരോ ചലനങ്ങളും കഥാപാത്രങ്ങള്‍ക്ക് പൂര്‍ണ്ണതയേകിയിട്ടേ ഉള്ളു.അത്തരം പ്രതിഭകള്‍ മലയാള സിനിമാ ശാഖയില്‍ തന്നെ വിരളമാണ്.

1937 നവംബര്‍ എട്ടിന് ഭരത് ഗോപി എന്ന വി ഗോപിനാഥന്‍ നായര്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആല്‍ത്തറമൂട് കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെ മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരള ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.

1956-ല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നടന്ന ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ ചെറിയൊരു വേഷം ചെയ്തതുകൊണ്ടാണ് സിനിമാ രംഗത്ത് എത്തിയത്.

1975-ല്‍ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയില്‍ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്’ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1978, 82, 83, 85 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളും ഗോപിയെ തേടിയെത്തി. 1985-ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യാ പസഫിക് മേളയില്‍ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. 1991-ലെ പത്മശ്രീ പുരസ്‌കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഞാറ്റടി, ഉത്സവപ്പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം അഭിനയം അനുഭവം, നാടകനിയോഗം എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും രചിച്ചു. 2008 ജനുവരി 24-ന് ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപി ജനുവരി 29-ാം തീയതി അന്തരിച്ചു. കാലയവനികയ്ക്കപ്പുറം നിന്നാലും എന്നും എപ്പോഴും മലയാളികളുടെ മനസ്സില്‍ ഭരത് ഗോപി ഒരു അഭനയ നിറദീപമായി തെളിഞ്ഞു നില്‍ക്കും.

Related Articles

Latest Articles