ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന ആരോപണവുമായി രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്ന വിശ്വേന്ദ്ര സിംഗ്. അതെ സമയം വിശ്വേന്ദ്ര സിംഗിന്റെ ആരോപണങ്ങൾ തള്ളി ഭാര്യ ദിവ്യ സിങ്ങും മകൻ അനിരുദ്ധ് സിംഗും രംഗത്ത് വന്നു. വിശ്വേന്ദ്ര സ്വത്തിൽ ഭൂരിഭാഗവും വിറ്റുവെന്നും മോത്തി മഹൽ എന്ന വസതി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നുമാണ് ഇവരുടെ വാദം. ഭരത്പൂർ രാജകുടുംബത്തിൽ നിന്നുള്ള ആളാണ് വിശ്വേന്ദ്ര സിംഗ്.
2007ലെ രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ഉറപ്പാക്കുന്ന നിയമ പ്രകാരം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുമ്പാകെ 62 കാരനായ വിശ്വേന്ദ്ര ഒരു ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
2021 ലും 2022 ലും രണ്ട് തവണ തനിക്ക് കോവിഡ് ബാധിച്ചുവെന്നും ദിവ്യയും അനിരുദ്ധും തന്നെ അവഗണിച്ചുവെന്നും ശാരീരികമായും മാനസികമായും സാമ്പത്തികമായും സഹായിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
തൻ്റെ പിതാവ് മഹാരാജ കേണൽ സവായ് ബ്രിജേന്ദ്ര സിംഗ് വിൽപത്രം വഴി നൽകിയ നിരവധി സ്വത്തുക്കൾ തനിക്കുണ്ടെന്ന് സിംഗ് അവകാശപ്പെടുന്നു. 100 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വസതിയായ മോത്തി മഹൽ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാര്യയും മകനും തന്നോട് ശത്രുതാ മനോഭാവം പുലർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
“പലപ്പോഴായി ഭാര്യയും മകനും തന്റെ വസ്ത്രങ്ങൾ കീറി കിണറ്റിൽ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്തു. റെക്കോർഡുകളും ഫയലുകളും അവർ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. എന്റെ കണ്ണട ബലം പ്രയോഗിച്ച് ഊരിമാറ്റി. കൃത്യസമയത്ത് അവരെനിക്ക് ആഹാരം നൽകിയില്ല. തരുന്ന ഭക്ഷണമാകട്ടെ വളരെ കുറഞ്ഞ അളവിലുമാണ്.”- ബ്രിജേന്ദ്ര സിംഗ് പറഞ്ഞു.
മാത്രമല്ല ആളുകൾ തന്നെ കാണുന്നതിൽ നിന്ന് തടയാൻ ഭാര്യയും മകനും ഗാർഡുകൾക്ക് നിർദ്ദേശം നൽകിയിരുന്നതായും പ്രധാന ഗേറ്റ് പൂട്ടുകയും കാവൽ ഏർപ്പെടുത്തുകയും ചെയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മകൻ അനിരുദ്ധ് സിംഗിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ദിവ്യ സിംഗ് വിശ്വേന്ദ്രയുടെ ആരോപണങ്ങളെ തള്ളി കളഞ്ഞു. പൂർവ്വിക സ്വത്ത് വിൽക്കാൻ വിശ്വേന്ദ്ര സിംഗ് നടത്തിയ ശ്രമങ്ങളെ എതിർത്തതാണ് ആരോപണങ്ങൾക്കടിസ്ഥാനമെന്ന് ദിവ്യ പറഞ്ഞു.

