Monday, December 22, 2025

ജോജു വിവാദം: കൂടുതൽ കോൺഗ്രസുകാർ അറസ്റ്റിൽ; നടന്റെ പടത്തിൽ റീത്ത് വച്ച് പ്രതികാരം

കൊച്ചി: കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി കീഴടങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവരാണ് മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇരുവരെയും ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കി കോടതിയിൽ ഹാജരാക്കും.

എന്നാൽ ഇതിന് പിന്നാലെ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കൊച്ചി ഷോണായീസ് തീയറ്റിന് മുന്നില്‍ ജോജുവിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. വാഹന തകര്‍ക്കല്‍ കേസില്‍ നേതാക്കള്‍ ജയിലിലായതോടെയാണ് ജോജു ജോര്‍ജിന് നേരെ കൊലവിളി പരാമര്‍ശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് എത്തിയത്.

കഴിഞ്ഞ ദിവസം ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കീടം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പുത്തന്‍കുരിശ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്കാണ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

ഇതേതുടർന്ന് നടന്‍ ജോജു ജോര്‍ജ്ജിനെ തുണച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത് എത്തിയിരുന്നു. ‘യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’ എന്ന തലക്കെട്ടോടെ ജോജുവിന്‍റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്. നേരത്തെ സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിര കെപിസിസി അധ്യക്ഷൻ കെ.സുധാകരനും രംഗത്തെത്തി‍യിരുന്നു. തുടർന്ന് നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞിരുന്നു.

Related Articles

Latest Articles