വയനാട്: അനീതിക്കെതിരെ ശബ്ദിക്കാന്‍ ആര്‍ജ്ജവമുള്ളവരെയാണ് സൂപ്പര്‍ സ്റ്റാറെന്ന് പറയുന്നതെങ്കിൽ യഥാർഥ സൂപ്പര്‍ സ്റ്റാര്‍ താനാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ കമ എന്നൊരക്ഷരം മിണ്ടാന്‍ ധൈര്യമില്ലാത്തവരാണെന്നും വിമർശനങ്ങളെ ഉൾക്കൊള്ളാൻ കമ്യൂണിസ്റ്റുകാർ തയ്യാറാവുന്നില്ലെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. വയനാട്ടിൽ രാഹുല്‍ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടൻ.
ഞാൻ കോൺഗ്രസുകാരൻ ആണോയെന്ന് ചോദിച്ചാൽ എനിക്ക് തന്നെ അതറിയില്ല. ഇപ്പോ ഇന്ന് മുതലോ നാളെ മുതലോ എന്റെ പെരുവച്ചു ഫെയ്സ്ബുക്കിൽ ട്രോളുകൾ വരാൻ തുടങ്ങുമെന്ന് ജോയ് മാത്യു പറഞ്ഞു. അങ്ങനത്തെ കാര്യങ്ങളൊന്നും മുഖവിലയ്ക്ക് എടുക്കാത്ത ആളാണ് ഞാൻ. ഞാനൊരു ആർട്ടിസ്റ്റ് ആണ്. ഒരു നടനാണ്. ജനങ്ങൾക്ക് ഇഷ്ടമുള്ള നടനാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. എന്റെ സിനിമ കോൺഗ്രസുകാർ മാത്രം കാണണം കമ്യൂണിസ്റ്റുകാർ കാണണ്ട എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. കാരണം ഞാൻ ജനങ്ങളുടെ സ്വത്താണ്.
നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജവത്തിനെയാണ് സൂപ്പർ സ്റ്റാറെന്ന് വിളിക്കുകയെങ്കിൽ ഞാനും ഒരു സൂപ്പർ സ്റ്റാറാണ്. നിങ്ങൾക്ക് ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ടാകും. പക്ഷേ സമൂഹത്തിൽ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാൻ അവർ ധൈര്യമില്ലാത്തവരാണെന്ന് ജോയ് മാത്യു വ്യക്തമാക്കി. അതിത്രയെ ഉള്ളൂ അനീതി കണ്ടാല്‍ എതിര്‍ക്കുക. അതിന് നിങ്ങള്‍ കോണ്‍ഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ ആകണമെന്നില്ല. പക്ഷേ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കില്ല. അത് വേറെ കാര്യം. കാരണം ഒരൊറ്റ മുഖം ഉള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിമര്‍ശനങ്ങള്‍ അവര്‍ക്ക് സ്വീകാര്യമേ അല്ല. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കമ്യൂണിസ്റ്റുകാർ തയ്യാറാവുന്നില്ലെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.

