തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട സഞ്ചരിച്ചിരുന്ന ആഡംബര കാർ അപകടത്തിൽപ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും, വിജയ് ദേവരകൊണ്ട വലിയ പരിക്കുകളേൽക്കാതെ രക്ഷപെട്ടു എന്നാണ് വിവരം .വിജയ് ദേവരകൊണ്ട ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ ഉണ്ടവല്ലിക്ക് സമീപം ദേശീയപാത 44-ൽ വെച്ച്, വിജയ്‌യുടെ ലെക്‌സസ് കാറിന് മുന്നിൽ പോവുകയായിരുന്ന ഒരു ബൊലേറോ വാഹനം പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞതാണ് കൂട്ടിയിടിക്ക് കാരണമായത്. വിജയ്‍യുടെ കാർ ബൊലേറോയുടെ ഇടതുവശത്ത് ഇടിച്ചു. കാറിന്റെ ഇടതുവശത്ത് ചെറിയ കേടുപാടുകൾ സംഭവിച്ചു. കാറിൽ വിജയ് ദേവരകൊണ്ടയും മറ്റ് രണ്ട് പേരും ഉണ്ടായിരുന്നു.
എന്നാൽ ഇടിച്ച കാർ നിർത്താതെ പോയതിനെ തുടർന്ന് വിജയ്‌യുടെ ഡ്രൈവർ ലോക്കൽ പൊലീസിൽ പരാതി നൽകി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം വിജയ് ദേവരകൊണ്ട തന്നെ സോഷ്യൽ മീഡിയയിലൂടെ താൻ സുരക്ഷിതനാണെന്ന് അറിയിച്ചു.എല്ലാം സുഖമാണ്. കാറിന് ഇടി കിട്ടി, പക്ഷേ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ഒരു സ്ട്രെങ്ത് വർക്കൗട്ടും ചെയ്ത് വീട്ടിൽ തിരിച്ചെത്തി. തലയ്ക്ക് ഒരു ചെറിയ വേദനയുണ്ട്, പക്ഷേ ഒരു ബിരിയാണിക്കും നല്ല ഉറക്കത്തിനും അത് മാറ്റാൻ കഴിയും. അതുകൊണ്ട് നിങ്ങൾ ആരും ഈ വാർത്ത കണ്ട് വിഷമിക്കേണ്ട, എല്ലാവർക്കും എൻ്റെ സ്നേഹം, എന്നാണ് അദ്ദേഹം പറഞ്ഞത് .അടുത്തിടെയാണ് നടനും രശ്‌മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ചടങ്ങ് ആയിരുന്നു.ഈ സന്തോഷ വാർത്ത ആരാധകർ ആഘോഷിച്ച് തീരുന്നതിന് മുൻപാണ് ഈ അപകട വാർത്തയും പുറത്തു വരുന്നത്

