Tuesday, May 14, 2024
spot_img

നടിയെ ആക്രമിച്ചെന്ന കേസ്; അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഹർജിയില്‍ അടച്ചിട്ട മുറിയിൽ വാദം കേൾക്കും

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹർജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കും. കോടതി അതിജീവിതയുടെ ആവശ്യം അംഗീകരിച്ചു. സെ‌ഷൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ്.

കേസിൽ ജസ്റ്റിസ് കൗസർ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. സെഷൻസ് ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

എന്നാൽ, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജി പരിഗണിച്ചയുടൻ തന്നെ പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിന്മാറ്റം.

Related Articles

Latest Articles