Tuesday, May 14, 2024
spot_img

നടിയെ ആക്രമിച്ചെന്ന കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ നോട്ടീസയച്ച് ഹൈക്കോടതി; സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ തുടരുന്നത് കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്നത്.

അന്വേഷണ സംഘത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles