Friday, January 2, 2026

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെയടക്കം ഉടൻ ചോദ്യം ചെയ്യും; അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച്. കേസിന്റെ തുടരന്വേഷണത്തിന് കോടതി ഒന്നര മാസം സമയം അനുവദിച്ചു. എന്നാൽ ഇനി ഹൈക്കോടതി സമയം ദീർഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യാ മാധവനെയടക്കം ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഡലോചന നടത്തിയ കേസിലെ അന്വേഷണവും ക്രൈംബ്രാഞ്ച് വേഗത്തിലാക്കും.

കേസിലെ പ്രതിയും ഹാക്കറുമായ സായി ശങ്കർ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഫൊറൻസിക് പരിശോധനാഫലം നിർണായകമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂ‍ഡാലോചന കൂടാതെ ദിലീപ് നടത്തിയ മറ്റ് നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധനയും വേഗത്തിലാക്കും.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാകാൻ സാധ്യത ഇല്ലെന്നും കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

Related Articles

Latest Articles