Saturday, September 19, 2026

എയർ ഇന്ത്യ വിമാനത്തിൽ നടി ദിവ്യ പ്രഭക്ക് ദുരനുഭവം; മദ്യപിച്ചെത്തിയ യാത്രക്കാരൻ മോശമായി പെരുമാറിയെന്ന് പരാതി, കാബിൻ ക്രൂ അംഗങ്ങൾ നടപടിയെടുത്തില്ലെന്ന് ആരോപണം

തിരുവനന്തപുരം: വിമാനയാത്രക്കിടെ നടി ദിവ്യ പ്രഭക്ക് ദുരനുഭവം ഉണ്ടായതായി പരാതി. എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. സഹയാത്രികനെതിരെ ഇവർ പോലീസിൽ പരാതിയും നൽകി. വിമാനത്തിൽ വച്ച് തന്റെ അടുത്ത് വന്നിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി.

ഇയാൾ മദ്യലഹരിയിലാണ് ഇത്തരത്തിൽ പെരുമാറിയതെന്നും താരം പറയുന്നുണ്ട്. വിവരം ഉടൻ തന്നെ വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങളോട് പറഞ്ഞിട്ടും യാതൊരു നടപടിയും അവർ കൈക്കൊണ്ടില്ല എന്നും താരം ആരോപിച്ചു. പോലീസിൽ പരാതി നൽകിയത് ഉൾപ്പെടെ തനിക്ക് ഉണ്ടായ മോശം അനുഭവം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആരോപണവിധേയനായ സഹയാത്രികനും താനും തമ്മിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിലായിരുന്നു ഇരുന്നത്. പിന്നീട് അയാൾ തന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരിക്കുകയായിരുന്നു. സംസാരിക്കുകയെന്ന വ്യാജേന തന്റെ ശരീരത്തിൽ സ്പർശിച്ചുവെന്ന് നടി ആരോപിച്ചു. വിവരം വിമാന ജീവനക്കാരെ പരാതിയെന്നോണം അറിയിച്ചപ്പോൾ തന്നെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് അവർ ചെയ്തത്. തുടർന്ന് വിമാനം ഇറങ്ങിയപ്പോൾ എയർപോർട്ട് സ്റ്റാഫ് പോലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടുവെന്നും പോലീസിന് പരാതി നൽകാനുള്ള ഇമെയിൽ വിലാസവും നൽകിയെന്നും നടി പറഞ്ഞു. കൊച്ചിയിൽ ഇറങ്ങിയതിന് ശേഷമാണ് താൻ പരാതി നൽകിയതെന്ന് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles