Saturday, May 4, 2024
spot_img

സുകേഷ് ചന്ദ്രശേഖർ കള്ളപ്പണം വെളുപ്പിക്കൽ കേസ് ; നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി പട്യാല ഹൗസ് കോടതി

ദില്ലി : സുകേഷ് ചന്ദ്രശേഖറിനെതിരായ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി പട്യാല ഹൗസ് കോടതി. 50,000 രൂപയുടെ ബോണ്ടിന് വിധേയമായാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

നടിയുടെ ജാമ്യാപേക്ഷയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) അഡീഷണൽ സെഷൻസ് ജഡ്ജി ഷൈലേന്ദർ മാലിക് പ്രതികരണം തേടി. ഇഡി പ്രതികരണം രേഖപ്പെടുത്തുന്നത് വരെ ഇടക്കാല ജാമ്യം മാത്രമേ അനുവദിക്കൂ. കേസിൽ അടുത്ത വാദം ഒക്ടോബർ 22ന് നടക്കും.

നേരത്തെ, സുകേഷിനെതിരായ കേസ് അന്വേഷിക്കുന്ന ഇഡി നടിയെ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. നടിയെ കേസിൽ പ്രതിയാക്കി ഓഗസ്റ്റ് 17ന് അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണിത്.

സുകേഷ് ചന്ദ്രശേഖർ ഏഴ് കോടിയിലധികം രൂപയുടെ ആഭരണങ്ങളാണ് താരത്തിന് സമ്മാനമായി നൽകിയത്. താരത്തിനും കുടുംബാംഗങ്ങൾക്കും നിരവധി വിലകൂടിയ കാറുകൾ, ബാഗുകൾ, വസ്ത്രങ്ങൾ, ഷൂകൾ, വാച്ചുകൾ എന്നിവയും ഇയാൾ സമ്മാനമായി നൽകിയിരുന്നു.

മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവിന്ദർ മോഹൻ സിംഗിന്റെ ഭാര്യ അദിതി സിംഗ് ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ചതിനാണ് സുകേഷ് ചന്ദ്രശേഖർ ജയിലിൽ കഴിയുന്നത്.

സൺ ടിവിയുടെ ഉടമയാണെന്നും ചെന്നൈയിലെ സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും തട്ടിപ്പുകാരൻ സുകേഷ് സ്വയം പരിചയപ്പെടുത്തിയതായി ജാക്വലിൻ ഇഡിക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

Related Articles

Latest Articles