കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഈ രണ്ടു കേസുകളിലും വിജയ് ബാബുവിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് കോടതി തടഞ്ഞത്.
പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് വിജയ് ബാബുവിനെതിരെ രണ്ടാമതും കേസെടുക്കാൻ കാരണമായത്. എന്നാൽ ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു പരാതി നല്കിയിരിക്കുന്നതെന്നുമാണ് വിജയ് ബാബുവിന്‍റെ വാദം. ഇന്ന് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് നടക്കാനുള്ള സാധ്യതയുണ്ട്.
വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സിനിമയിൽ അവസര൦ നിഷേധിച്ചതാണ് നടിയുടെ പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരമാണ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ തിരിച്ചെത്തിയത്. നാട്ടിലെത്തിയ ഇയാളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

