കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് നൽകില്ല. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായിരുന്നു കോടതി ആദ്യം നൽകിയിരുന്ന നിർദേശം. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും.
കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയ പശ്ചാത്തലത്തിലാണ് കുറ്റപത്രം നൽകേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് നൽകിയ പുതിയ ഹർജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല. വിചാരണക്കോടതിക്കെതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നുവെന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന് വച്ചത് കേട്ടുകേൾവി ഇല്ലാത്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

